Top News Icon
HARTHAL/STRIKE / TRAVEL
ഷൊർണൂർ വഴി​യുള്ള ട്രെയി​നുകൾക്ക് നി​യന്ത്രണം
Posted on - Sep 23, 2013 09:24 pm

ഷൊർണൂർ- മംഗലാപുരം പാതയിരട്ടിപ്പിക്കലിന്‍റെ അവസാനജോലികൾ നടക്കുന്നതിനാൽ സെപ്‌റ്റംബർ 25 മുതൽ ഒക്ടോബർ 16 വരെ ഷൊർണ്ണൂർ വഴിയുള്ള തീവണ്ടികൾക്ക് നിയന്ത്രണമുണ്ടാകും.
പാലക്കാട് നിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും ഷൊർണൂർ സ്​റ്റേഷനിൽ വരാതെ ലിങ്ക് ലൈൻ വഴി പോകുന്ന വണ്ടികളെ നിയന്ത്രണം ബാധിക്കില്ല. അതേസമയം, ഇതേ ദിശയിൽ നിന്ന് ഷൊർണൂർ സ്​റ്റേഷനിൽ വന്നുപോകുന്ന വണ്ടികൾ ഷൊർണൂരിൽ പ്രവേശിക്കാതെ ബൈപ്പാസ് ലൈൻ വഴി പോകും. ഇവയ്ക്ക് വടക്കാഞ്ചേരി, ഒറ്റപ്പാലം സ്​റ്റേഷനുകളിൽ സ്​റ്റോപ്പ് അനുവദിച്ചു.
ഷൊർണൂരിൽ ഇറങ്ങേണ്ട റിസർവേഷനുള്ള യാത്രക്കാർക്ക് റെയിൽവേ വാഹന സൗകര്യം നൽകും. ഷൊർണൂരിലെ യാത്രക്കാർ വടക്കാഞ്ചേരി, ഒറ്റപ്പാലം സ്​റ്റേഷനുകളിൽ നി​ന്നാണ് കയറേണ്ടത്.
ഷൊർണൂർ വഴി കടന്നുപോകുന്ന തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്സ്‌പ്രസ് തൃശൂർ, കുറ്റിപ്പുറം സ്​റ്റേഷനുകൾക്കിടയ്ക്ക് സർവീസ് നടത്തില്ല. റിസർവേഷനുള്ള യാത്രക്കാർക്ക് റെയിൽവേ വാഹനം ഏർപ്പെടുത്തും.
ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്‌പ്രസ് തൃശൂർ വരെയും തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർ വരെയുള്ള വേണാട് എക്സ്‌പ്രസ് എറണാകുളം വരെയും മാത്രമേ സർവീസ് നടത്തൂ.
നിലമ്പൂരിലേക്ക് പോകുന്ന രാജ്യറാണി എക്സ്‌പ്രസ് ഒക്ടോബർ 5 മുതൽ 15 വരെയും നിലമ്പൂരിൽ നിന്ന് പുറപ്പെടേണ്ട വണ്ടി ഒക്ടോബർ 6 മുതൽ 16 വരെയും ഷൊർണൂരിനും നിലമ്പൂരിനുമിടയ്ക്ക് സർവീസ് നടത്തില്ല. പകരം അമൃത എക്സ്‌പ്രസിനൊപ്പം പാലക്കാട്ടേക്ക് പോകുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. ഈ വണ്ടിക്ക് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും സ്​റ്റോപ്പ് അനുവദിച്ചു.
ചെന്നൈ എഗ്‌മോർ- മംഗലാപുരം എക്സ്‌പ്രസ് ഒക്ടോബർ 3 മുതൽ 16 വരെ പാലക്കാട് വരെ മാത്രം വന്നുപോകും. എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്‌പ്രസ് ഒക്ടോബർ 3, 4, 6, 7, 13, 16 തീയതികളിൽ രാവിലെ 10.45ന് പകരം ഉച്ചയ്ക്ക് 12.20നായി​രി​ക്കും എറണാകുളത്ത് നിന്ന് പുറപ്പെടുക.
ഗതാഗതനിയന്ത്രണമുള്ള കാലയളവിൽ പരശുറാം എക്സ്‌പ്രസിന് വടക്കാഞ്ചേരിയിൽ സ്​റ്റോപ്പ് ഉണ്ടായിരിക്കും. ഭാഗികമായി റദ്ദാക്കപ്പെട്ട വണ്ടികളിലെ റിസർവേഷനുള്ള യാത്രക്കാർ യാത്ര തുടങ്ങുംമുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും മടക്കിനൽകും. യാത്ര ചെയ്തശേഷം റദ്ദാക്കിയാൽ യാത്ര ചെയ്ത ഭാഗത്തിനുള്ള ചാർജ് മാത്രം ഈടാക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter